മലയാള വിഭാഗത്തിലേക്ക് സ്വാഗതം


സെൻറ്. ആൽബർട്സ് കോളേജിലെ മലയാള വിഭാഗം 1946ലാണ് പ്രവർത്തനമാരംഭിച്ചത്. കോളേജിനൊപ്പം തന്നെ പാരമ്പര്യം അവകാശപ്പെടാവുന്ന മലയാളവിഭാഗത്തിൽ പ്രസിദ്ധ ഭാഷാ പണ്ഡിതരായ എ.ഡി.ഹരിശർമ്മ, എം.എം.മാണി എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതൃഭാഷയെ കൈകാര്യം ചെയ്യുന്ന വിഭാഗം, എല്ലാ കോഴ്സുകളുമായും ബന്ധപ്പെട്ട്ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. സെൻറ്. ആൽബർട്സ് കോളേജിലെ വിദ്യാർത്ഥി വിഭാഗത്തിലെ അറുപത് ശതമാനത്തോളം വിദ്യാർഥികളുമായി മലയാളവിഭാഗം പരസ്പരബന്ധം കാത്തുസൂക്ഷിക്കുന്നു.

ദർശനം 


മാതൃഭാഷാ എന്ന നിലയിൽ  ഭാഷാപഠനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി സ്വന്തം ഭാഷയോട്  മമത യുള്ള യുവജനങ്ങളെ സൃഷ്ടിച്ചു കൊണ്ട്  ദേശീയ ഉദ്ഗ്രഥനത്തിൽ പങ്കാളിയാവുക എന്നതാണ്  മലയാളവിഭാഗത്തിൻ്റെ ലക്ഷ്യം. കേരള സംസ്കാരത്തിൻ്റെ ചരിത്രത്തെയും  പാരമ്പര്യത്തെയും  വേരുകളെയും അന്വേഷിച്ചു കണ്ടെത്താനുള്ള ത്വര വിദ്യാർത്ഥി സമൂഹത്തിൽ സൃഷ്ടിച്ചെടുക്കുക എന്നതും ദർശനത്തിൽ ഉൾപ്പെടുന്നു. 

ദൗത്യം 


ആധുനികസമൂഹം ഉയർത്തിക്കൊണ്ടുവരുന്ന വെല്ലുവിളികളെ നേരിടാനായി ശാരീരികവും മാനസികവും ഭാഷാപരവുമായ വളർച്ച നേടിയ യുവജനങ്ങളെ സജ്ജരാക്കുക എന്നതാണ് മലയാള
വിഭാഗത്തിൻ്റെ ദൗത്യം. 

നാഴികക്കല്ലുകൾ


2013 ജൂലൈ 22 ന് കഥകളിയെക്കുറിച്ചുള്ള വർക്ക്ഷോപ്പും അവതരണ ക്ലാസും പ്രശസ്തനായ കഥകളി ആചാര്യൻ രാജീവൻ പീശപ്പിള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. 
ഒരു മധ്യവേനൽ പ്രണയരാവ് എന്ന നാടകത്തിൻ്റെ കർത്താവായ ശ്രീ ബാലചന്ദ്രൻ തൻ്റെ കൃതിയെ ക്കുറിച്ചുള്ള പഠനക്ലാസ്സ് നയിച്ചു.
കേരളത്തിലെ അനുഷ്ഠാനകലയായ ‘മുടിയേറ്റ് അവതരണം’ 2015 ജൂലൈ 30,31 തീയതികളിൽ യു.ജി. സി.യുടെ സാമ്പത്തിക സഹായത്തോടുകൂടി നടന്നു.
2018 ജൂലൈ 24ന്  മലയാളദിനാചരണം നടത്തുകയുണ്ടായി.
ആൽബർഷ്യൻ നോളജ് സബ്മിറ്റിൽ  എല്ലാവർഷവും പ്രബന്ധ അവതരണങ്ങൾ നടത്തുന്നു.

മലയാളവിഭാഗം ഒറ്റനോട്ടത്തിൽ 


1946ലാണ് മലയാളവിഭാഗം പ്രവർത്തനമാരംഭിക്കുന്നത്. 
1946 മുതൽ 57 വരെ മലയാളത്തിലെ പ്രശസ്ത വ്യാകരണപണ്ഡിതനായ ശ്രീ എ.ഡി.ഹരിശർമ്മ  മലയാളവിഭാഗത്തിൽ സേവനമനുഷ്ഠിച്ചു. 
ഷെവലിയാർ ഡോ. പ്രീമൂസ് പെരിഞ്ചേരി, പ്രൊ. ടി.എൽ.ജോൺ, പ്രൊ.അലക്സ് ബേസിൽ എന്നിവരെല്ലാം മലയാള വിഭാഗത്തെ നയിച്ച പ്രശസ്തരായ അധ്യാപകരാണ്.
കോഴ്സുകളിൽ രണ്ടാം ഭാഷയായി മലയാളം ഉൾപ്പെടുന്നതിനാൽ 60% വിദ്യാർത്ഥി സമൂഹവുമായി  മലയാളവിഭാഗം ബന്ധപ്പെട്ട് നിൽക്കുന്നു. 
കഥകളി, മുടിയേറ്റ്, നാടകം എന്നീ ദൃശ്യ ശ്രാവ്യകലകൾ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ  വിദ്യാർ ഥികൾക്കായി അവതരിപ്പിച്ചിട്ടുണ്ട്.

സന്ദേശം


സെൻറ് ആൽബർട്സ് കോളേജിൻ്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ് ഈ കോളേജിലെ മലയാള വിഭാഗവും. ബിരുദ വിദ്യാർത്ഥികൾക്ക് രണ്ടാം ഭാഷയായി തെരഞ്ഞെടുക്കാവുന്ന മലയാളത്തിൻറെ അധ്യായനം ഈ വിഭാഗത്തിന് കീഴിൽ വരുന്നു. നിലവിൽ ഒരു മാനേജ്മെൻറ് ഗസ്റ്റ് അടക്കം മൂന്ന് അധ്യാപകരാണ് ഈ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നത്. 1946 മുതൽ വളരെ പ്രഗൽഭരും  പ്രസിദ്ധരുമായ അധ്യാപകർ ഈ വിഭാഗത്തിന് കീഴിൽ പ്രവർത്തിച്ചിട്ടുണ്ട് . പ്രസിദ്ധ ഭാഷാപണ്ഡിതനായ എം എം മാണി 34 വർഷം മലയാളവിഭാഗത്തിൽ അധ്യാപകനായിരുന്നു. ബൈബിളിലെ ചില ഭാഗങ്ങൾ പദ്യരൂപത്തിൽ സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്ത സംസ്കൃത പണ്ഡിതനായിരുന്നു അദ്ദേഹം. ജീവചരിത്രകാരൻ, വ്യാഖ്യാതാവ്, പരിഭാഷകൻ, നിരൂപകൻ, ഗവേഷകൻ, പത്രപ്രവർത്തകൻ സാഹിത്യ ചരിത്രകാരൻ എന്നീ വിവിധ നിലകളിൽ പ്രസിദ്ധനായ സാഹിത്യ കുശലൻ എ. ഡി. ഹരിശർമ്മ 1957 വരെ മലയാളവിഭാഗം അധ്യാപകനായിരുന്നു. സംസ്കൃതം മലയാളം ഭാഷകളിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന പ്രൊഫസർ എ. ജെ. വർക്കി 1969 വരെ മലയാള വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ “സിന്ധു അവളുടെ കഥ പറയുന്നു ” എന്ന ഗ്രന്ഥം രചിച്ച പ്രൊഫസർ അലക്സ് ബേസിൽ, അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ കവി എം സി സുഭാഷ് ചന്ദ്രൻ എന്നിവരും മലയാളവിഭാഗം അധ്യാപകനായിരുന്നു. ജെ. ടി. ആമ്പല്ലൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രൊഫസർ ടി. എൽ. ജോൺ, പ്രൊഫസർ ടി. രാമൻകുട്ടി മുതലായ പ്രഗത്ഭരും മലയാള വിഭാഗത്തെ നയിച്ചിട്ടുണ്ട്. 2004 വരെ മലയാള വിഭാഗത്തിൽ സേവനമനുഷ്ഠിച്ച കവിയും ക്രിസ്തീയ ഗാന രചന രംഗത്ത് പ്രസിദ്ധനും കോളേജ് ഗീതത്തിലെ രചയിതാവും സർവ്വോപരി ഷെവലിയറുമായ  ഡോക്ടർ പി പി പ്രിമൂസ് മലയാള വിഭാഗത്തിൻ്റെ അഭിമാനമാണ്. ശ്രേഷ്ഠരായ ഈ ഗുരുവര്യൻ മാരുടെ പാത പിന്തുടർന്ന് വിദ്യാർത്ഥികളിൽ മലയാള ഭാഷയുടെ ചൈതന്യം പകർന്നു നൽകി മലയാളവിഭാഗം അതിൻ്റെ യാത്ര തുടരുന്നു. ഒരു വിദ്യാർത്ഥി പാണ്ഡിത്യത്തിൻ്റെ ഔന്നത്യത്തിലേക്ക് ചുവടു വെക്കുമ്പോൾ അവൻറെ മാതൃഭാഷയെയും അതിലൂടെ അവൻ നേടിയെടുക്കുന്ന സംസ്കാരത്തെയും മൂല്യബോധത്തെയും കൂടുതൽ തെളിവുറ്റതാക്കും. അങ്ങനെ ഒരു ഉത്തമ ഭാരതീയ പൗരനെ സൃഷ്ടിച്ചെടുക്കാൻ ഞാൻ അവൻറെ കൈ പിടിച്ചു അവനോടൊപ്പം ചുവടുവച്ച് മലയാളഭാഷയെ അവനിലേക്ക് പകർന്നു നൽകുക എന്നതാണ് മലയാളവിഭാഗം ഏറ്റെടുത്തിരിക്കുന്ന ദൗത്യം. ആ ദൗത്യം വിജയകരമായി നിറവേറ്റി സെൻറ് ആൽബർട്സ് കോളേജിൻ്റെ ഉന്നത ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാൻ മലയാള വിഭാഗത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

‌ശ്രീ. അഗസ്റ്റിൻ കെ. ജെ.

‌ മലയാളവിഭാഗം മേധാവി